അക്ഷരക്കൂട്ടം: കളർ പെൻസിൽ ✏️
അക്ഷരക്കൂട്ടം ഓൺലൈൻ

07 ഓഗസ്റ്റ് 2025

കളർ പെൻസിൽ ✏️

പെസി✏️


പതിവ് പോലെ ഇന്നലെയും സ്കൂൾ വിട്ട് വന്നപ്പോൾ ബാഗിൽ പെൻസിലും ഇല്ല റബ്ബറും ഇല്ല 😇


ഈ വർഷത്തെ ക്വാട്ട  കഴിഞ്ഞെന്നും, ഇനി പെൻസിലും റബ്ബറും ഇല്ലാതെ സ്കൂളിൽ പോയാൽ മതിയെന്നും പറഞ്ഞു  ഞാൻ. യുദ്ധത്തിന് ഒരുങ്ങി നിന്നു⚔️


ഞാൻ കളഞ്ഞിട്ടില്ല അതെങ്ങനെയോ പോയതാണെന്നും പറഞ്ഞു അപ്പുണ്ണിയും 🤔


യുദ്ധസമാനമായ സാഹചര്യത്തിലേക്ക് അന്തരീക്ഷം മാറുമെന്ന പ്രതീതി ! 


 അച്ഛൻ ആരുടെ പക്ഷം ചേരുമെന്ന്. ആശാൻ ഇടം കണ്ണിട്ടു നോക്കുന്നുണ്ട് 😜


ഇരു ചേരികളും തമ്മിലുള്ള അന്തർധാര സജീവമായതിനാലും അൽപനേരം കഴിഞ്ഞാൽ ഞങ്ങൾ സമവായത്തിൽ എത്താനുള്ള സാധ്യത മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓർത്തും ഏട്ടൻ ഇരു ചേരികളോടും സമദൂരം പാലിച്ചു നിന്നു. 


അപ്രതീക്ഷിതമായ കുഞ്ഞുണ്ണിയുടെ  വീഴ്ചയിലും കരച്ചിലിലും ഞാൻ യുദ്ധമുഖത്ത് നിന്നും പിന്മാറി ഞാൻ അവനെ എടുക്കാൻ ഓടി 


ആശ്വാസത്തോടെ അപ്പുണ്ണി അകത്തേക്കും 😊


രാത്രി ഉറങ്ങാൻ നേരം പതിയെ. അവന്റെ അച്ഛനോട് മാത്രം സ്കൂളിലെ  കുറുമ്പും കഥകളും പറയും. 


നിസ്സഹായ ഭാവത്തിൽ നേർത്ത സ്വരത്തിൽ അവൻ അച്ഛനോട് പറഞ്ഞു;

“ചിലതൊക്കെ വീണു പോവും അച്ഛാ...  ചിലതൊക്കെ കുട്ട്യോൾക്ക് കൊടുക്കും വാങ്ങാൻ മറന്നു പോവും”


അവന്റെ നേർത്ത മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഏട്ടൻ അവന്റെ ചെവിയിൽ മന്ത്രിച്ചു...


“വീണു പോവുന്നതൊക്കെയും പോവട്ടെ 

കൂട്ടുകാർക്കായുള്ള പങ്കുവെക്കലുകളും തുടരട്ടെ.

അങ്ങനെ നഷ്ടപ്പെടുത്തുവാനായി മാത്രം അച്ഛൻ നിറമുള്ള പെൻസിലുകൾ ഇനിയും വാങ്ങിതരും"

❤️❤️❤️❤️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗