അക്ഷരക്കൂട്ടം: വൈക്കം മുഹമ്മദ് ബഷീർ✍️
അക്ഷരക്കൂട്ടം ഓൺലൈൻ

05 ജൂലൈ 2025

വൈക്കം മുഹമ്മദ് ബഷീർ✍️

 വൈക്കം മുഹമ്മദ് ബഷീർ

സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ

പച്ചയായ ജീവിത കഥകൾ നിഷ്കളങ്കമായ ഗ്രാമീണ

ഭാഷയിൽ പറഞ്ഞ് തന്നൊരു കഥാകാരൻ.

ചൂതാട്ടക്കാരന്റെ, പോക്കറ്റടിക്കാരന്റെ, വേശ്യകളുടെ,

എട്ടുകാലിമമ്മൂഞ്ഞിന്റെ, കുഞ്ഞു പാത്തുമ്മയുടെ, 

പൂവൻ പഴത്തിന്റെ...ആരും പറയാത്ത കഥകൾ

കാക്കയും, പൂച്ചയും, പാമ്പും ചേരയും, ആടും കോഴിയും

വവ്വാലും പുഴുക്കളുമാക്കെ, ഈ ഭൂമിയുടെ അവകാശികളാണെന്ന്

പറഞ്ഞകഥകൾ... കഥകൾ പറയാൻ വ്യാകരണത്തിന്റെ 

ആവശ്യമില്ലെന്ന് തെളിയിച്ച നാട്ടുഭാഷയുടെ സുൽത്താൻ.

പ്രണയവും, ദാരിദ്ര്യവും, യാത്രകളും, ജീവിതാനുഭവങ്ങളും ലാളിത്യം 

നിറഞ്ഞ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞ കഥകളുടെ സുൽത്താൻ.

പൊള്ളുന്ന വേദനകളെയും, നോവുകളെയും 

തണലാക്കി മാറ്റിയ എഴുത്തുകാരൻ.

"ഒന്നുമൊന്നും  ഇമ്മിണി ബല്യ ഒരൊന്നാണെന്ന് "  പറഞ്ഞ

മലയാളത്തിന്റെ  " ഇമ്മിണി"  ബല്യ സാഹിത്യകാരൻ.

" ഈ വെളിച്ചത്തിനെന്തൊരു വെളിച്ചം "

അതേ, ഈ കഥകൾക്കെന്തൊരു തെളിച്ചം!



☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️



ഞാൻ മരിച്ചു പോയാലോ?

എന്നെ ആരും ഓർമ്മിക്കണ്ടാ എന്നാണ് എനിക്കു തോന്നുന്നത്. എന്തിനോർമിക്കുന്നു?. കോടാനുകോടി, അനന്തകോടി സ്ത്രീ പുരുഷന്മാർ മരിച്ചു പോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓർമിക്കുന്നുണ്ടോ?. എന്റെ പുസ്തകങ്ങൾ. അതെല്ലാം എത്രകാലം നിലനിൽക്കും?. പുതിയ ലോകം വരുമല്ലോ. പഴമയെല്ലാം പുതുമയിൽ മായേണ്ടതുമാണല്ലോ. എന്റെത് എന്നുപറയാൻ എന്താണുള്ളത്?. അനുഭൂതികൾ, ആശയങ്ങൾ, അറിവ്. പ്രപഞ്ചങ്ങളുടെ സൃഷ്ടിക്കു ശേഷം, ജീവജാലങ്ങളുടെ സൃഷ്ടിക്കു ശേഷം- കോടാനുകോടി യുഗങ്ങളായി കിട്ടിയിട്ടുണ്ടെന്നു പറയുന്ന അറിവിന്റെ വെളിച്ചത്തിലാണോ ഞാൻ ?. അറിഞ്ഞുകൂടാ. 


എന്റെതായി എന്തെങ്കിലും ഒരുതരി അറിവു ഞാൻ സംഭാവന ചെയ്തിട്ടുണ്ടോ?.അക്ഷരങ്ങൾ, വാക്കുകൾ, വികാരങ്ങൾ- ഒക്കെയും കോടിമനുഷ്യർ ഉപയോഗിച്ചിട്ടുള്ളതാണല്ലോ. അതൊക്കെ ഞാനും ഉപയോഗിക്കുന്നു. അത്രേയുള്ളു. ഭാഷയിലുള്ള അക്ഷരങ്ങളിൽ ചിലത് ഇപ്പോഴും എനിക്കറിഞ്ഞു കൂടാ. വ്യാകരണവും നല്ല വശമില്ല. പിന്നെ ഒരു മൂച്ചിൽ ഇങ്ങനെ ജീവിക്കുന്നു-അത്രേയുള്ളൂ. വായന ഒരു ലക്ഷ്വറിയാണ്. പുസ്തകങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്. സംഗീതവും പോയേക്കാം. പക്ഷേ മധുര ശബ്ദങ്ങൾ, നാദം,നാദബ്രഹ്മത്തിന്റെ വിഭ്രമം. ഇത് അനന്തമാണ്‌. പ്രപഞ്ചങ്ങളിൽ മുഴുവനുമുണ്ട്. ഇതു കേൾക്കുകയല്ല. അനുഭവിക്കുകയാണ്.


✍️   വൈക്കം മുഹമ്മദ്‌ ബഷീർ


ഓർമ്മകൾക്ക് ഇന്നേക്ക് (5/7/25) 31 വർഷങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗