അക്ഷരക്കൂട്ടം: കഴിഞ്ഞകാലം 😪
അക്ഷരക്കൂട്ടം ഓൺലൈൻ

10 ജനുവരി 2025

കഴിഞ്ഞകാലം 😪

കഴിഞ്ഞകാലം


കഴിഞ്ഞുപോയ കാലത്തിൽ നിരന്തര പ്രയത്നത്തിലൂടെ ഓരോ ഭയവും ഇല്ലാതാക്കുകയും പിന്നീട് അവ നമുക്ക് പുഞ്ചിരിയും സമ്മാനിക്കുന്നു. അതിലുപരി ശക്തിയുടെ, പ്രതീക്ഷയുടെ പ്രകാശവും പരത്തുന്നു. ഇന്ന് എന്നെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത വാക്കുകളാണിവ...


ഇന്നലെകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നാളെയുടെ സ്വപ്നങ്ങളിലേക്ക് ഇന്ന് ഒട്ടും പ്രതീക്ഷ കൈവിടാതെ, തെല്ലും സമയം പാഴാക്കാതെ കഠിനാധ്വാനം ചെയ്യാൻ ആഹ്വാനം നൽകിയ ജീവിതവിജയം നേടിയെടുത്ത മഹാന്മാരുടെ ഉപദേശങ്ങളിൽ നിന്നും അല്പം വ്യത്യസ്തവും അഗാധമായ അർത്ഥ തലങ്ങളിലേക്ക് നയിക്കുന്നതുമാണ് ഇന്നത്തെ വാചകം. ഏത് നിമിഷവും സ്വയം പ്രയത്നിച്ചു നേടിയ ചെറുതും വലുതുമായ നിരവധി അവസരങ്ങൾ, അവയിലൂടെ നേടിയെടുത്ത നേട്ടങ്ങളിൽ അഹങ്കരിക്കാനും അഭിമാനിക്കാനും, സ്വയം പ്രചോദനമാകാനുമുള്ള കഴിവ് എഴുത്തുകൾക്കും വായനയ്ക്കും ഉണ്ട്. ഒരുപക്ഷേ, നമുക്ക് പ്രിയപ്പെട്ടവരിൽനിന്നു മാത്രം ലഭിച്ചേക്കാവുന്ന പ്രചോദനങ്ങളെക്കാൾ അക്ഷരങ്ങൾ മാന്ത്രികത സൃഷ്ടിക്കും.


 മനുഷ്യമനസ്സുകളിൽ ഓരോ കാലങ്ങൾ കഴിയുമ്പോഴും ഊർജ്ജം പകർന്നു കൊടുക്കുന്ന അളവിലും വ്യാപ്തിയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു. മറ്റേതൊരു ഊർജ്ജവും പോലെ തന്നെ ഒരു വ്യക്തിക്ക് പുറപ്പെടുവിക്കാൻ കഴിയുന്ന നല്ല അഭിപ്രായങ്ങൾക്കും ചിന്തകൾക്കും പ്രസരണ നഷ്ടം കാലക്രമേണ വന്നുചേരുന്നു. നികത്താൻ കഴിയാത്ത ബന്ധങ്ങളുടെ അകൽച്ചയ്ക്കും കാരണമാകുന്നു. എഴുതപ്പെട്ട അക്ഷരങ്ങൾക്ക് ഇങ്ങിനെ ഒരു മൂല്യച്യുതി ഇല്ല. ചിന്തിക്കുന്നതിനേക്കാൾ ഏറെ സംസാരിക്കുന്നു, സംസാരിക്കുന്നതിൽ വലിയൊരു ഭാഗം ഊർജ്ജം നഷ്ടമാകുന്നു തുടർന്ന് അതിൽ ചെറിയൊരു അംശം പ്രവർത്തിക്കുന്നു, ചിന്തയില്ലാതെയുള്ള പ്രവർത്തനത്തിലൂടെ ഭാഗ്യപരീക്ഷണത്തിനും വിധിയുടെ വിധേയത്വത്തിനും പാത്രമാകുന്നു. ഒടുവിൽ അനുഭവങ്ങളുടെ വെളിച്ചം കയ്യിലുണ്ടെന്ന ആത്മവിശ്വാസത്തോടെ എന്തും ആകാം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പദ്ധതിയിടുന്നു. അനുഭവങ്ങൾ ഏറ്റവും നല്ല ഗുരു തന്നെയാണ് അതിന് ഒരാൾ ചെലവഴിക്കുന്ന സമയം അത് വിവേകത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. എളുപ്പത്തിൽ ഒന്നും കരസ്ഥമാക്കാൻ സാധിക്കും എന്ന് പ്രസ്ഥാവിക്കുകയല്ല, മറിച്ച് വിവേക പൂർവ്വം ചിന്തിക്കാൻ തുടങ്ങിയാൽ ഉണ്ടായേക്കാവുന്ന പരിഷ്‌കാരങ്ങളെപ്പറ്റിയാണ് പറഞ്ഞു വയ്ക്കുന്നത്. സത്യത്തിൽ ഓരോ വിജയത്തിനുപിന്നിലും ഇതുപോലെ ഓരോ കാരണങ്ങൾ, പ്രചോധനങ്ങൾ ഇല്ലേ ? അവയിൽ ഏറിയ പങ്കും ഒരു വ്യക്തിയുടെയോ, ഒരു വാചകത്തിൻ്റെയോ പ്രകാശത്തിലൂടെ പകർന്ന് കിട്ടിയ ഊർജ്ജത്തിലൂടെ സാധ്യമായതല്ലേ ?



✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗