അക്ഷരക്കൂട്ടം: തോമസ് ആൽവ എഡിസൻ
അക്ഷരക്കൂട്ടം ഓൺലൈൻ

16 ഡിസംബർ 2023

തോമസ് ആൽവ എഡിസൻ

മുൻപേ പോയ ആ വെളിച്ചം



തോമസ് ആൽവ എഡിസൺ എന്ന അമേരിക്കക്കാരൻ വൈദ്യുത ബൾബ് നിർമിച്ചത് 144 വർ മുൻപാണ്; 1879 ഡിസംബർ 31-നായിരുന്നു ആ കണ്ടുപിടിത്തത്തിന്റെ പൊതുദർശനം. അന്ന് അദ്ദേഹത്തിനു പ്രായം മുപ്പത്തിരണ്ട്.



അതിനു മുൻപും ചില ബൾബ് നിർമ്മാണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, അതിനൊരു പ്രായോഗികരൂപം നൽകിയത് എഡിസനാണ്.

വലിയ വിദ്യാഭ്യാസമൊന്നും ഉള്ളയാളായിരുന്നില്ല എഡിസൺ. ഏതാനും മാസമേ സ്കൂളിൽ പോയുള്ളു. എഴുതാനും വായിക്കാനും പഠിപ്പിച്ചത് അമ്മയാണ്. കുറച്ചു കണക്കും പഠിപ്പിച്ചു.

പക്ഷേ, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ മിടുക്കനായിരുന്നു അദ്ദേഹം. സമയം കിട്ടുമ്പോഴെല്ലാം വായിച്ചു. ശാസ്ത്ര വിഷയങ്ങൾ മനസ്സിലാകുന്നത്ര പഠിച്ചു, ടെലിഗ്രാഫ് ഓപ്പറേറ്ററാകാൻ സ്വയം പരിശീലനം നേടി. 16-ാം വയസ്സിൽ ടെലിഗ്രാഫ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

യുഎസിലെ പല നഗരങ്ങളിൽ ജോലി ചെയ്തു. 1868-ൽ ബോസ്റ്റണിലെത്തി. പിന്നെ കണ്ടുപിടിത്തങ്ങളിലായി ശ്രദ്ധ. നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്ര ത്തിന്റെ ആദിമരൂപമെന്നു പറയാവുന്ന ഇലക്ട്രിക് വോട്ടിങ് യന്ത്രത്തിനാണ് ആദ്യം പേറ്റന്റ് നേടിയത്.

1869ൽ ന്യൂയോർക്കിലെത്തി 1871ൽ ന്യുജഴ്സിക്കു സമീപം ന്യൂവക്കിൽ സ്വന്തം പരീക്ഷണശാല തുടങ്ങി.

1879ൽ അതെല്ലാം വിറ്റ് ന്യൂയോർക്കിൽനിന്ന് 40 കിലോമീറ്റർ അകലെയൊരു ഗ്രാമത്തിലേക്കു ഗവേഷണം പറിച്ചുനട്ടു.


ബൾബിനുശേഷം അദ്ദേഹം ഒട്ടേറെ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു; പിന്നീട് ഗ്രാമഫോണായിത്തീർന്ന ഫോണോഗ്രഫ്, ടെലഫോൺ, ഇലക്ട്രിക് ജനറേറ്റർ, ഇലക്ട്രിക് ട്രെയിൻ എന്നിങ്ങനെ. ഇതിൽ ചിലതെല്ലാം ഒറിജിനൽ കണ്ടുപിടിത്തങ്ങളായിരുന്നെങ്കിൽ ചിലതു നിലവിലുള്ളതിന്റെ പരിഷ്കൃത രൂപങ്ങളായിരുന്നു.

എൺപത്തിനാലാം വയസ്സിൽ മരണമടയുമ്പോൾ എഡിസന്റെ പേരിൽ രേഖപ്പെടുത്തപ്പെട്ട കണ്ടുപിടിത്തങ്ങൾ 1093.

നിരന്തരമായ കഠിനാധ്വാനത്തിന്റെ വൈദ്യുത ബൾബ് പ്രകാശിച്ചുനിന്ന ജീവിതമാണ് എഡിസന്റേത്.

നമുക്കെല്ലാവർക്കും വേണ്ടി അദ്ദേഹം പറഞ്ഞ ഒരു വാക്യമുണ്ട്. 

വിജയം എന്നത് ഒരു ശതമാനം പ്രചോദനവും 99 ശതമാനം അധ്വാനവുമാണ്.

 വിയർപ്പൊഴുക്കുക എന്ന പദമാണ് അധ്വാനത്തിന് അദ്ദേഹം ഉപയോഗിച്ചത്.

അതു പറയാൻ ഏറ്റവും കൂടുതൽ അർഹത തീർച്ചയായും എഡിസണു തന്നെയാവും.

പുതിയ വർഷം വിളിപ്പാടകലെത്തിയെത്തി നിൽക്കുമ്പോൾ, കഠിനാധ്വാനം സമ്മാനിക്കുന്ന വിജയങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്ന ഒരു ബൾബ് തെളിച്ച് തോമസ് ആൽവ എഡിസൺ മുൻപിൽ നടക്കട്ടെ.

(കടപ്പാട് : മലയാള മനോരമ)

➕➕➕➕➕➕➕➕➕➕➕➕➕➕

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗