വിശ്വാമിത്രൻ്റെ വാത്സല്യം
ജീവിതം അർഥപൂർണമാക്കാൻ ദൈവം തന്നെയാണ് ഗുരുക്കന്മാരുടെ രൂപത്തിൽ ഓരോ കാലങ്ങളിലായി നമുക്കടുത്തെത്തുന്നത്. ഒരു ജന്മം കൊണ്ട് ചെയ്തു തീർക്കാനുള്ളതെല്ലാം യഥാവിധി അനുഷ്‌ഠിക്കാൻ ഗുരുസ്ഥാനീയരുടെ തുണയുണ്ടാവണം.
ശ്രീരാമനും സഹോദരന്മാർക്കും ആത്മവിദ്യ പോലെ ആയോധന വിദ്യ പകർന്നുകൊടുക്കാൻ തനിക്കാവില്ലെന്നു വസിഷ്ഠ മഹർഷിക്ക് അറിയാവുന്നതിനാലാണ് രാജർഷിയായ വിശ്വാമിത്രനൊപ്പം രാമലക്ഷ്‌മണന്മാരെ അയ്ക്കാൻ ദശരഥനോട് പറഞ്ഞത്. രാജാവായി നാടുവാഴുകയും തുടർന്ന് ഋഷിപദം നേടിയ വിശ്വാമിത്രൻ രാജാവിനു വേണ്ട ഗുണവും വീര്യവും സാഹസികതയും കുമാരന്മാർക്ക് പഠിപ്പിക്കുമെന്നു വസിഷ്ഠൻ മനസിൽ കണ്ടു.
യജ്‌ഞം മുടക്കാനെത്തുന്ന രാക്ഷസന്മാരിൽ നിന്നു രക്ഷനേടാനാണ് ശ്രീരാമനെ അനേഷിച്ച് വിശ്വാമിത്രൻ അയോധ്യയിലെത്തുന്നത്. ദശരഥൻ ഒന്നു ശങ്കിച്ചെങ്കിലും വിശ്വാമിത്രനൊപ്പം വനത്തിലേക്ക് രാമലക്ഷ്മണന്മാരെ അയച്ചു ഒരു സേനയുടെയും പിൻബലമില്ലാതെയാണ് രാമലക്ഷ്‌മണന്മാർ അപരിചിതമായ വനത്തിനുള്ളിൽ ദുർവൃത്തയായ താടകയെയും രാക്ഷസന്മാരായ മാരീചനെയും സുബാഹുവിനെയും വധിക്കുന്നത്
ആത്മജ്‌ഞാനം ഉപദേശിച്ച് മനോബലം നൽകിയാണ് കുമാരന്മാരിൽ യുദ്ധവീര്യമുണർത്തുന്നത്. വിശപ്പും ദാഹവുമകറ്റാൻ ബല അതിബല എന്ന ഔഷധ വിദ്യകളും നൽകി. സ്ത്രീയായ താടകയെ വധിക്കുന്നതിൽ സംശയിച്ച രാമനോട് വിശ്വാമിത്രൻ ദുർവൃത്തരിൽ സ്ത്രീപുരുഷ ഭേദമില്ലെന്ന ഉദാഹരണങ്ങളാൽ കുറ്റബോധമില്ലാതാക്കി. ശൂർപ്പണഖ, ബാലി, സീത എന്നിവരോട് കരുണയില്ലാത്ത വിധം പെരുമാറുന്നതിനു പിന്നിൽ വിശ്വാമിത്രന്റെ ഈ ഉപദേശവും സ്വാധീനിച്ചതായി കാണാം.
രാമനിൽ അളവറ്റ വിശ്വാസവും വാൽസല്യവും തോന്നിയ വിശ്വാമിത്രൻ 72 അപൂർവവും ദിവ്യവുമായ അസ്ത്രവിദ്യകൾ നൽകി.
സരയൂതീരത്ത് അതിരാവിലെ രാമനെ വിളിച്ചുണർത്തുന്ന
'കൗസല്യ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർതതേ / ഉത്തിഷ്‌ഠ നരശാർദൂല കർതവ്യം ദൈവമാഹ്‌നികം'
(ബാല. 2.32)
എന്ന വാൽമീകി രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകം വിശ്വാമിത്രൻ്റെ വാൽസല്യമാണ് പ്രകടമാക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗