അക്ഷരക്കൂട്ടം: ധർമചിന്തയുണർത്താൻ രാമായണ പാരായണം
അക്ഷരക്കൂട്ടം ഓൺലൈൻ

16 ജൂലൈ 2024

ധർമചിന്തയുണർത്താൻ രാമായണ പാരായണം

 ധർമചിന്തയുണർത്താൻ രാമായണ പാരായണം



മോഹിപ്പിക്കുന്ന ഓരോ കാഴ്ചയും ശബ്ദവും സുഖത്തിൻ്റെ മുഖംമൂടിയണിഞ്ഞാണു തേടിയെത്തുന്നത്. അതിജീവിക്കാനാവാത്തവർ തീരാദുഃഖത്തിലേക്കാണു വീഴുന്നത്. ആഗ്രഹങ്ങളെ നിയന്ത്രിച്ച് ധർമ ചിന്തയോടെ ജീവിക്കാൻ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങൾ ഇക്കാലത്തും മനുഷ്യനു പ്രേരണയേകുന്നു. രാവണനെന്ന ലങ്കാധിപന്റെ പ്രതാപം അസ്തമിച്ചത് പ്രലോഭനങ്ങളിൽ നിന്നു രക്ഷപ്പെടാനാവാത്ത കാരണമാണ്. അതേ സമയം നൽകിയ വാക്കിലും തീരുമാനത്തിലും ഉറച്ചു നിന്ന ശ്രീരാമൻ ഒരു രാജകുമാരനിൽ നിന്ന് അമാനുഷനായി തീർന്നു.


രത്നാകരൻ എന്ന കാട്ടാളനെ മഹർഷി പദത്തിലേക്കു നയിച്ചത് സുഖാലസ്യമല്ല ജീവിതമെന്ന തിരിച്ചറിവാണ്. വനത്തിലെത്തുന്ന വഴിപോക്കരെ കൊള്ളയടിച്ചു ജീവിച്ച രത്നാകരൻ കിട്ടുന്നതെല്ലാം കുടുബമൊത്ത് പങ്കിട്ടു ഒരിക്കൽ വനത്തിലെത്തിയ മാമുനിമാരെ കൊള്ളയടിക്കുന്നതിനിടെ 'നീ ചെയ്തു കൂട്ടുന്ന പാപങ്ങൾ നിൻ്റെ പ്രിയപ്പെട്ടവരും കൂടെ ഏൽക്കുമോ'യെന്ന ചോദ്യത്തിനു മുന്നിൽ രത്നാകരൻ പതറി.


വീട്ടിലെത്തിയ രത്നാകരനോട് പാപവും ദുഃഖവും തനിയെ ഏറ്റാൽ മതിയെന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾ തളർത്തുകയാണുണ്ടായത്. വിശ്വാസത്തിനേറ്റ കളങ്കത്തിൽ മനംനൊന്ത രത്നാകരൻ താൽക്കാലിക സുഖം ഉപേക്ഷിച്ച് പുതിയ ജീവിതം തിരഞ്ഞെടുത്തു. പിൽക്കാലത്ത് ഇദ്ദേഹമാണ് വാൽമീകിയെന്ന പേരിൽ ലോകം അറിയപ്പെടുന്ന മഹർഷിയായതും രാമായണമെന്ന ആദികാവ്യം രചിച്ചതും.


'കൂജന്തം രാമ രാമേതി 
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം 
വന്ദേ വാൽമീകി കോകിലം'


 വിസ്നേശ്വരാദികൾക്കൊപ്പം ആദികവിയായ വാൽമീകിയെ സ്തുതിക്കുന്ന ശ്ലോകം ചൊല്ലിയിട്ടേ രാമായണ വായന തുടങ്ങാവൂ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗