നാടിനെ അറിയാൻ ഗുരുവിനൊപ്പം
ദുഃഖം പലർക്കും പല വിധത്തിലും രൂപതിലുമാണു പ്രത്യക്ഷപ്പെടുക. അധികാരവും സമ്പത്തും സമൃദ്ധിയുമുണ്ടായിട്ടും ദശരഥൻ അനുഭവിച്ച പുത്രദുഃഖം അയോധ്യയെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത്. ദേവന്മാരുടെ സഹായത്തിനു എന്നും കൂട്ടു പോകുന്ന ദശരഥനു പിൻഗാമിയില്ലെന്ന സത്യം ദേവാദികളെയും വ്യസനിപ്പിച്ചു രാജഗുരു വസിഷ്ഠന്റെ നിർദേശ പ്രകാരം ഋഷ്യശൃംഗനെത്തി പുത്രകാമേഷ്ടി യാഗം നടത്തി ദിവ്യൗഷധവും കയ്യിലേന്തിയെത്തിയ അഗ്നിദേവൻ ദശരഥനെയും ഭാര്യമാരെയും അനുഗ്രഹിച്ചു പായസം കഴിച്ച കൗസല്യയും സുമിത്രയും കൈകേയിയും ഗർഭം ധരിച്ച് പുത്രന്മാരെ പ്രസവിച്ചു. ചൈത്രമാസത്തെ വെളുത്ത പക്ഷ നവമിയിൽ പുണർതം നക്ഷത്രത്തിലാണ് ശ്രീരാമന്റെ ജനനം. തൊട്ടടുത്ത ദിവസം കൈകേയി ഭരതനെയും പിറ്റേന്ന് സുമിത്ര ലക്ഷ്മണനെയും ശത്രുഘ്നനെയും പ്രസവിച്ചു. ഒരു ഉണ്ണിയെ കൊതിച്ച ദശരഥൻ്റെ കൊട്ടാരം നാലു കുമാരന്മാർ ചേർന്ന് ആനന്ദസാഗരത്തിലെത്തിച്ചു.
രാജ്യത്തിന്റെ വളർച്ചയ്ക്കും സുരക്ഷയ്ക്കും ആവശ്യമായ വിദ്യാഭ്യാസം തന്നെയാണു പിതാവ് മക്കൾക്കും നൽകിയത്. ശാസ്ത്രം, രാജനീതി, ബ്രഹ്‌മചര്യം എന്നിവയ്ക്കു പുറമേ രാജധർമത്തിൽ പ്രധാനമായ ധനുർവിദ്യയും അഭ്യസിച്ച കുമാരന്മാർ സമർഥന്മാരായി എന്നും പുലർകാലേ എഴുന്നേറ്റ് പ്രാർഥനയും സന്ധ്യാവന്ദനവും കഴിഞ്ഞ് അച്ഛനമ്മമാരെ പൂജിച്ച് ദിവസം തുടങ്ങുന്ന കുമാരന്മാരെ രാജ്യപാലനത്തിനു ധർമമാർഗം മറക്കാതിരിക്കാൻ കുലഗുരു വസിഷ്ഠൻ ഏറെ ശ്രദ്ധിച്ചു.
പഠനകാല ശേഷം തീർഥാടനവും ദേശസഞ്ചാരവും കഴിച്ചാണ് ഗുരു ശിഷ്യന്മാരെ രക്ഷിതാക്കൾക്കൊപ്പമയക്കുന്നത്. ഭരണകർത്താവാകുന്നതിനു മുൻപ് ഭരിക്കാൻ പോകുന്ന നാടിനെയും അവിടെയുള്ള ജനങ്ങളെയും അവരുടെ ജീവിതരീതിയും നേരിട്ടറിയാൻ പാകത്തിലാണ് രാജ്യത്തിലൂടെ കുമാരന്മാരുമൊത്ത് ഗുരു സഞ്ചരിച്ചത്.
ശ്രീരാമനും സഹോദരന്മാർക്കും അത് ജീവിതത്തിൽ ഏറെ പ്രയോജനവുമുണ്ടായി.
പ്രജകൾക്ക് തങ്ങളുടെ ഭാവിയിലെ ഭരണാധികാരിയെ നേരിട്ട് കാണാനും സങ്കടങ്ങൾ നിവർത്തിക്കാനും ഇതോടൊപ്പം കഴിഞ്ഞു.

.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗