സമാധാനം കളയരുത്
അദ്ധ്യാപകൻ ട്രെയിൻ യാത്രയിലാണ്.
തന്റെ വാച്ചിലേക്കുതന്നെ ഒരു കുട്ടി നോക്കിയിരിക്കുന്നതുകണ്ട അദ്ദേഹം അവനോടു ചോദിച്ചു:
വാച്ച് ഇഷ്‌ടപ്പെട്ടോ?
അവൻ പറഞ്ഞു:
അതു വിലകൂടിയ വാച്ചാണ് എനിക്കൊന്നു കാണാൻ തരുമോ?
നിനക്കിതിന്റെ വില അറിയില്ല.
വിരമിക്കുന്ന സമയത്ത് കുട്ടികൾ സമ്മാനമായി നൽകിയതാണ് എന്നുപറഞ്ഞ് അദ്ദേഹം ആ വാച്ച് ഊരി നൽകി.
കുട്ടി കൗതുകത്തോടെ നോക്കുന്നതിനിടയിൽ വാച്ച് ജനലിലൂടെ പുറത്തുപോയി അടുത്തിരുന്നവരെല്ലാം ഞെട്ടി.
കുട്ടി കരച്ചിലായി.
അടുത്ത സ്‌റ്റേഷനിൽ ഇറങ്ങാറായപ്പോൾ അദ്ദേഹം പറഞ്ഞു:
വാച്ച് ഒരു മണിക്കൂറിനുള്ളിൽ എനിക്കു കിട്ടും.
സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലെത്തിയ അദ്ദേഹം കാര്യം പറഞ്ഞു.
ഏകദേശം ഏതു പ്രദേശത്താണ് നഷ്ടപ്പെട്ടതെന്നറിയുമോ:
എന്ന് സ്‌റ്റേഷൻ മാസ്‌റ്റർ ചോദിച്ചു.
അധ്യാപകൻ പറഞ്ഞു: ഇവിടെനിന്നു നൂറ്റിഇരുപത്തഞ്ചാമത്തെ പോസ്‌റ്റിന്റെ ചുവട്ടിൽ.
വാച്ച് പോയപ്പോൾമുതൽ ഞാൻ കൃത്യമായി അത് എണ്ണുകയായിരുന്നു.
തുടരന്വേഷണത്തിൽ അതേ സ്ഥലത്തുനിന്ന് വാച്ച് ലഭിച്ചു.
പ്രശ്നത്തിലകപ്പെട്ടാൽ പ്രതികരണം രണ്ടുവിധത്തിലാകാം ഒന്ന് മനക്ലേശത്തോടെ, രണ്ട് മനസ്സാന്നിധ്യത്തോടെ.
അപ്രതീക്ഷിതമായതെന്തെങ്കിലും സംഭവിച്ചാൽ മനോനില തെറ്റുക എന്നതാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.
സംഭവിച്ച ദുരന്തത്തെക്കാൾ വലുതാണ് നഷ്ടപ്പെടുന്ന സമാധാനം.
വീണ കയത്തിൽനിന്നു കയറിവരാനാകാത്ത തിൻ്റെ കാരണം കയത്തിന്റെ ആഴമല്ല, മനസ്സിന്റെ തകർച്ചയാണ്.
തളർന്ന മനസ്സിന്റെ ചിന്തകൾ ദുർബലവും നിരാശാജനകവുമാണ്.
ഇനിയെങ്ങനെ പുറത്തുവരും,
എനിക്കെന്താണ് ഇങ്ങനെ സംഭവിക്കുന്നത്,
ഈ നഷ്ടം എങ്ങനെ പരിഹരിക്കും.
ചുറ്റും നിൽക്കുന്നവരെല്ലാം കണ്ടില്ലേ
തുടങ്ങിയ നിഷേധ ചിന്തകളാണ് പ്രശ്നങ്ങളുടെ വലുപ്പം കൂട്ടുന്നത്.
മനസ്സാന്നിധ്യത്തോടെ തുടരുന്നവരുടെ ചിന്തകൾ പ്രായോഗികവും പ്രശ്നപരിഹാരകേന്ദ്രീകൃതവുമാകും.
ഇനിയെന്താണ് മാർഗം, പരിഹാരത്തിന് എന്തെല്ലാം സാധ്യതകളുണ്ട്, ഉടനടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ, കുറച്ചു നേരം കാത്തിരുന്നാൽ പ്രതിവിധിയുണ്ടാകുമോ തുടങ്ങിയ ചിന്തകളെല്ലാം പരിഹാരത്തിലേക്കു നയിക്കുന്നതാണ്.
ആകുലപ്പെടുന്നതിന്റെ പേരിൽ ഒരു വൈഷമ്യവും അവസാനിക്കില്ല, പരിഹാരമാർഗങ്ങൾ കണ്ടെത്താനാകാത്തവിധം മനസ്സ് ദുർബലമാകുകയേയുള്ളൂ.
(കടപ്പാട്)
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗