ചങ്ങാതി നന്നായാൽ
ഷെയ്‌ക്‌സ്‌പിയറുടെ ഒഥല്ലോയിലെ ഇയാഗോ പുറംമോടിയിൽ തുളുമ്പുന്ന സ്നേഹവും ഉള്ളിൽ കട്ടപിടിച്ച കാപട്യവുമുള്ള കഥാപാത്രമാണ്.
ഫ്രെനിമി എന്ന ഇംഗ്ലിഷ് വാക്കുകൊണ്ടു നിർവചിക്കാവുന്ന വ്യക്തിത്വമാണത്.
നമ്മുടെ ജീവിതത്തിലും ഇത്തരം ആളുകളുണ്ട്.
ഒരു കപ്പ് കാപ്പിക്ക് അപ്പുറമിരുന്നു വശ്യതയോടെ സംസാരിക്കും; പിന്നെ ഒരൊറ്റ വാക്കുകൊണ്ടു നമ്മുടെ മനസ്സമാധാനം കെടുത്തും.
പുറത്തെ പുഞ്ചിരിയും ഉള്ളിലെ വിഷവും ചേർന്ന ഈ സുഹൃദ്-ശത്രു ബന്ധം ശരീരത്തിനകത്തു ഹാനികരമായ ജൈവരാസമാറ്റത്തിനു കാരണമാകും!
ഇത്തരം ബന്ധങ്ങളുടെ സമ്മർദം ശരീരത്തിലെ ക്രോമസോമുകളുടെ വാൽഭാഗത്തിൻ്റെ (ടെലോമിയർ എന്നു വിളിക്കുന്ന ഡിഎൻഎ ചങ്ങലകൾ നിറഞ്ഞത്) സംരക്ഷണതുമ്പുകളെ ചുരുക്കുന്നു എന്നാണു ഗവേഷകർ പറയുന്നത്.
ഇതു ചുരുങ്ങുന്തോറും മനുഷ്യനു പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു സാധ്യത കൂടും.
ഗവേഷകർ ശരീരത്തിൻ്റെ ഡിഎൻഎ മെഥിലീകരണം (ഡിഎൻഎ തന്മാത്രയോട് മീഥൈൽ ഗ്രൂപ്പ് കൂടിച്ചേരുന്നത്) എന്ന മാറ്റം കൂടി പഠിച്ച്, ഇത്തരം ബന്ധങ്ങളെ ജൈവവയസ്സു കണക്കാക്കുന്ന ഘടികാര സൂചിയായി അവതരിപ്പിക്കുന്നു.
ശത്രുവായ സുഹൃത്തിനെ തോളിലേറ്റി നടക്കുന്തോറും സൂചിക്കു വേഗം കൂടും, ബന്ധം ഉപേക്ഷിക്കുമ്പോൾ ആരോഗ്യം മെച്ചപ്പെടും, സൂചി മെല്ലെയാകും.
സമീപകാലത്തു ന്യൂയോർക്കിൽ ഇതുസംബന്ധിച്ച വലിയ പഠനം നടന്നു.
2232 പേരുടെ ഉമിനീർ സാംപിളുകളിൽ നിന്നുള്ള മെഥിലീകരണ പാറ്റേണുകളും അവരുടെ ബന്ധങ്ങളുടെ ചിത്രവും ചേർത്തു ജൈവവയസ്സ് എങ്ങനെയാണ് മാറുന്നതെന്നു നോക്കി.
'ഫ്രെനിമി' എന്നു വിളിക്കാവുന്ന ബന്ധം ഓരോ വ്യക്‌തിയുടെയും ജൈവവയസ്സ് അൽപം വേഗത്തിൽ മുന്നോട്ട് ഓടിക്കുന്നുവെന്നും അങ്ങനെ ശരീരത്തിൻ്റെ പ്രായം കലണ്ടറിനെക്കാൾ 2-3 മാസം മുമ്പേപോകുന്നു എന്നുമായിരുന്നു കണ്ടെത്തൽ.
ഇന്നു ചിരിക്കും, നാളെ നെറ്റി ചുളിക്കും ഇങ്ങനെ നിരന്തരം സമ്മർദമുണ്ടാക്കുന്ന ബന്ധം ശരീരത്തെ എപ്പോഴും ജാഗ്രതാമോഡിൽ കുരുക്കും.
സമ്മർദ ഹോർമോണുകൾ ഉയരുമ്പോൾ എഴുന്നേറ്റാൽ തലയ്ക്കകത്ത് ആകെ ഘനം തൂങ്ങിയപോലെ തോന്നും.
ചില പഠനങ്ങളിൽ ശരീരത്തിലെ അണുബാധയെ ഓർമിപ്പിക്കുന്ന വീക്ക സൂജകങ്ങൾ ഉയരുന്നതും രക്തസമ്മർദം ചെറിയ കാരണങ്ങൾകൊണ്ടുതന്നെ ചാഞ്ചാടുന്നതും കണ്ടിട്ടുണ്ട്.
ദാമ്പത്യത്തിൽ പരസ്‌പരം കുറ്റപ്പെടുത്തുന്ന സംഭാഷണങ്ങൾപോലും ഇതിൽപ്പെടുന്നു.
അതേസമയം, തളരുമ്പോൾ താങ്ങാവുന്ന ബന്ധങ്ങൾ (കേൾക്കുന്ന ആളുകൾ, വിശ്വാസംനിറഞ്ഞ കൂട്ടായ്‌മകൾ ശരീരത്തിൻ്റെ പ്രായസൂചിയുടെ വേഗം കുറയ്ക്കും.
നല്ല ഉറക്കം ലഭിക്കും.
ഉള്ളിൽ കട്ടപിടിച്ചു നിൽക്കുന്ന കുരുക്ക് അയയും പണ്ടേപറയുന്ന പാഠം തന്നെയല്ലേ ഇത്.
നല്ല ബന്ധങ്ങൾ ആരോഗ്യവും ആയുസ്സും കൂട്ടുന്നു.
ഒറ്റപ്പെടൽ കുറയുമ്പോൾ, കൂട്ടായ്മ കൂടുമ്പോൾ രോഗസാധ്യത കുറയുന്നു.
പുതിയ പഠനങ്ങളുടെ പ്രത്യേകത എന്തെന്നാൽ, ഇവ വലിയ സംഘം ആളുകളുടെ ദീർഘകാല ശീലങ്ങൾകൂടി കണക്കാക്കി അവയെ ശരീരത്തിലെ അടയാളങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നതാണ്.
നമുക്കു പ്രയോഗിക്കാവുന്ന ചില കാര്യങ്ങൾ
1. ബന്ധങ്ങളുടെ കണക്കെടുപ്പ്.
ഒരാഴ്‌ചത്തെ കാര്യങ്ങൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുക-
ആരോടൊക്കെ സംസാരിച്ചു?
ശേഷം എങ്ങനെ തോന്നി?
സമാധാനം തന്നവർ ആരൊക്കെ?
സമ്മർദമുണ്ടാക്കിയത് ആരൊക്കെ?
2. ചില വാചകങ്ങൾ പഠിക്കാം.
ഇപ്പോൾ പറ്റില്ല,
നാളെ നോക്കാം.
ഇത് എനിക്കു പിടിക്കുന്നില്ല,
നമുക്കു വിഷയം മാറ്റാം
എന്നിങ്ങനെ വിനീതവും വ്യക്തവുമായി പറയാവുന്നവ.
3. ഓരോ ആഴ്‌ചയും ആനന്ദമേകുന്ന ഒരു സൗഹൃദം വേറൊന്നും വേണ്ട;
ഒരു ചായ,
ഒരു നടത്തം,
10 മിനിറ്റ് നിശ്ശബ്ദമായി ഇരിപ്പ്.
4. പുതിയ ശീലങ്ങൾ:
ദിവസവും കുറച്ചു നടത്തം,
ആഴ്‌ചയിൽ രണ്ടു ദിവസം ലഘുവ്യായാമ പരിശീലനം,
പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷണം;
രാത്രി 8 മണിക്കൂർ ഉറക്കം.
5. ഡിജിറ്റൽ സന്ധ്യ വേണ്ട:
രാത്രി ഫോണിനു വിശ്രമം നൽകാം. പലർക്കും ഇതുതന്നെ ചെറു ഔഷധം.
6. സംഭാഷണത്തിലെ പരിവർത്തനം:
വാദപ്രതിവാദത്തിന്റെ കൊളുത്തിൽ പിടിക്കാതെ,
'എനിക്ക് ഇങ്ങനെ തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്'
എന്നു പറയാം.
ശ്രദ്ധിക്കുക:
ടെലോമിയർ, മെഥിലീകരണം പോലുള്ള സൂചകങ്ങൾ രോഗം നിർണയിക്കുന്നവയല്ല; അപായസൂചനകൾ നൽകുന്നുവെന്നു മാത്രം പരീക്ഷണശാലകൾ മാറിയാൽ പോലുമുണ്ട് വ്യത്യാസം.
(കടപ്പാട് : മലയാള മനോരമ
23-08-2025)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗