രാജകുടുംബത്തെ വെടിവെച്ചുകൊന്ന് കഷണങ്ങളാക്കി ആസിഡൊഴിച്ച് കുഴിച്ചിട്ടു;
രഹസ്യമാക്കി വെച്ച കൊലപാതകം.
മുന്നൂറ് വർഷത്തോളം റഷ്യയുടെ അധികാരം കയ്യാളിയിരുന്നത് റോമനോവ് രാജകുടുംബമാണ്.
സർ നിക്കോളാസ് രണ്ടാമൻ്റെ ഭരണകാലത്തെ തുടർച്ചയായ യുദ്ധങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കി.
ലോകമഹായുദ്ധത്തിന്റെ കെടുതികൾക്കൊപ്പം ഭക്ഷ്യക്ഷാമവും കൂടിയായപ്പോൾ 1917-ലെ ഫെബ്രുവരി വിപ്ലവത്തിൽ ജനം നിക്കോളാസിന്റെ ദുർഭരണത്തിനെതിരെ ഒരുമിച്ചുനിന്നു.
വിപ്ലവം ജയിച്ചു.
രാജാവിന് സിംഹാസനം നഷ്ടമായി.
താത്കാലിക ഭരണകൂടം അധികാരത്തിലേറി.
രാജാവും കുടുംബവും അലക്സാണ്ടർ കൊട്ടാരത്തിൽ തടവിലായി.
വൈകാതെ കൊട്ടാരത്തിൻ്റെ സുഖങ്ങളും അവർക്ക് നഷ്ടമായി.
നിക്കോളാസ് രണ്ടാമൻ, ഭാര്യ അലക്സാണ്ട്ര, മക്കളായ ഓൾഗ, താത്യാന, മരിയ, അനസ്തേഷ്യ, അലക്സി എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം ഏറ്റവും വിശ്വസ്തരായ അഞ്ചുപേർ മാത്രമാണുണ്ടായിരുന്നത്.
അവിടെനിന്നും രാജകുടുംബത്തെ സൈബീരിയയിലേക്ക് മാറ്റി.
ഒക്ടോബർ വിപ്ലവം പിന്നിട്ടശേഷം അവരെ യുറാൽ പർവതനിരകൾക്കടുത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
കനത്ത കാവലിലായിരുന്നു രാജകുടുംബം.
ഒരു രാത്രി രാജകുടുംബം താമസിച്ചിരുന്ന ബേസ്മെന്റിലേക്ക് ഭരണത്തിലുള്ള ബോൾഷെവിക്കുകൾ ആയുധവുമായി കയറി.
രാജാവിനെയും രാജ്ഞിയേയും മക്കളെയും വെടിവെച്ചും ബയണറ്റുകൾ പൊട്ടിച്ചും കൊലപ്പെടുത്തി.
കൂടെയുണ്ടായിരുന്ന ഡോക്‌ടറെയും കുക്കിനെയും രണ്ട് സേവകരെയും കൊന്നു.
വിവസ്ത്രരാക്കി, കഷണങ്ങളാക്കി നുറുക്കിയ മൃതദേഹങ്ങളെ ആസിഡൊഴിച്ചും ഗ്രനേഡ് പൊട്ടിച്ചും തിരിച്ചറിയാൻ പറ്റാത്തവിധം വികൃതമാക്കിയ ശേഷം കോപ്ത്യാക്കി വനമേഖലയിൽ പലയിടത്തായി അടക്കം ചെയ്തു.
ഈ കൂട്ടക്കൊലയുടെ വിവരങ്ങൾ പുറത്തുവരാതെ ഏറെക്കാലം രഹസ്യമായി സൂക്ഷിക്കാൻ ബോൾഷെവിക്കുകൾക്ക് സാധിച്ചു.
നിക്കോളാസിൻ്റെ മരണവിവരം മാത്രമേ അവർ പുറത്തുവിട്ടുള്ളൂ.
കുടുംബത്തിന് എന്ത് സംഭവിച്ചെന്ന് പല കഥകളും പരന്നു.
1922 മുതൽ സോവിയറ്റ് റഷ്യയുടെ തലപ്പത്ത് വ്ളാദിമിർ ലെനിനായിരുന്നു.
1924 ലെനിന്റെ മരണശേഷം റഷ്യൻ ഭരണകൂടത്തിന് രാജകുടുംബത്തിൻ്റെ കൊലപാതകം നടന്നെന്ന് സമ്മതിക്കേണ്ടി വന്നു.
പക്ഷേ ലെനിന് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു അവരുടെ വാദം.
1979-ൽ അലക്സാണ്ടർ അവ്ഡോനിൻ എന്ന ഡിറ്റക്ടീവ് വനമേഖലയിൽ രാജകുടുംബത്തെ മറവ് ചെയ്ത സ്ഥലം കണ്ടെത്തി.
പക്ഷേ ശാസ്ത്രീയമായ പരിശോധനയിലൂടെ അത് തെളിയിക്കപ്പെട്ടത് 1994-ലാണ്.
കൊലപാതകത്തിന് ശേഷം 80 വർഷങ്ങൾ പിന്നിട്ടപ്പോൾ റോമാനോവ് കുടുംബാംഗങ്ങളുടെ അവശിഷ്ടങ്ങൾ സെന്റ് പീറ്റേഴ്സ്‌ബർഗിലെ പീറ്റർ ആൻഡ് പോൾ കത്തീഡ്രലിൽ അടക്കം ചെയ്തു.
അപ്പോഴും കുടുംബാംഗങ്ങളുടെ മുഴുവൻ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല.
2007-ൽ രാജകുമാരന്റേത് എന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ഡി.എൻ.എ പരിശോധനയിൽ അത് അലക്സി രാജകുമാരൻ തന്നെയാണെന്നും തെളിഞ്ഞു.
കൂടെ ഒരു സഹോദരിയുടെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി.
അത് ഏത് സഹോദരിയാണെന്ന് കൃത്യമായി നിർണയിക്കാനായില്ല.
റോമാനോവ് കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ആരാണെന്നത് ഇന്നും വ്യക്തമല്ല.
ലെനിൻ ഉൾപ്പെടെയുള്ള മോസ്കോയിലെ പ്രമുഖർ അറിയാതെ ഇത് നടക്കില്ല എന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം.
പക്ഷേ, ഔദ്യോഗികമായ യാതൊരു ഉത്തരവിന്റെയും തെളിവുകൾ ഇന്നേവരെ കണ്ടെത്താനായിട്ടില്ല.
➕💂♀️💂♂️💂💂♀️💂♂️💂💂♀️💂♂️💂➕

.jpeg)
.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗