അകത്തേക്കും നോക്കണം
യാത്രയ്ക്കിടയിൽ സുമുഖനായ ഒരാളെ യുവാവ് പരിചയപ്പെട്ടു.
ആരാണെന്ന ചോദ്യത്തിനു ചെകുത്താൻ എന്നായിരുന്നു അപരിചിതന്റെ മറുപടി.
യുവാവ് പറഞ്ഞു:
നിങ്ങൾ നുണ പറയുകയാണ്.
നിങ്ങൾ ചെകുത്താനല്ല.
വിരൂപവും അനാകർഷകവുമാണ് ചെകുത്താൻ്റെ രൂപം എന്നാണ് ആളുകൾ എന്നോടു പറഞ്ഞിരിക്കുന്നത്.
ചെകുത്താൻ പറഞ്ഞു:
അത് എന്നെക്കുറിച്ച് അപവാദം പറയുന്നവർ പറഞ്ഞു പരത്തുന്നതാണ്.
കണ്ണുകൊണ്ട് കണ്ടതിൻ്റെ പേരിൽ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവർ വിഡ്ഢികളും പ്രായോഗിക ജ്‌ഞാനമില്ലാത്തവരുമാണ്.
ഒളിപ്പിക്കേണ്ടതെല്ലാം ഒളിപ്പിച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത്.
കാപട്യവും വഞ്ചനയും ശീലമാക്കിയവർ തങ്ങൾക്കനുയോജ്യമായ മുഖംമൂടികൾ മാറിമാറി അണിയുന്നുണ്ടാകും.
അത്തരക്കാരെ തിരിച്ചറിയാനാകാത്തവിധം മങ്ങിയതാകരുത് ആരുടെയും കാഴ്ച.
സാമാന്യബോധത്തിന്റെ പരിസരത്തുനിന്നുവേണം ഇടപഴകലും വിലയിരുത്തലും നടത്താൻ.
സുന്ദരമായവയിലെല്ലാം സുകൃതമുണ്ടാകുമെന്നു തെറ്റിദ്ധരിക്കരുത്, വികൃതമായവയെല്ലാം വിശുദ്ധമല്ലെന്നും കരുതരുത്.
പുഞ്ചിരിക്കുന്നവരിൽ പ്രതികാരം കണ്ടേക്കാം, പിണക്കം നടിക്കുന്നവരിൽ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടാകും. ശകാരിക്കുന്നവരിൽ കരുതലുണ്ടാകും, പ്രണയിക്കുന്നവരിൽ പ്രാകൃതസ്വഭാവവും ഉണ്ടാകും.
പുറമേ പ്രദർശിപ്പിക്കപ്പെടുന്നവ കാണാനുള്ള കഴിവു മാത്രമേ കണ്ണുകൾക്കുള്ളൂ.
കാഴ്ചയുടെ വലുപ്പം കൂട്ടാനേ കണ്ണടകൾക്കും കഴിയൂ.
കാണേണ്ടതു കാണിക്കാനോ കള്ളി വെളിച്ചത്തു കൊണ്ടുവരാനോ ലെൻസുകൾക്കു കഴിവില്ല.
അതിനു നിരീക്ഷണപാടവവും കാര്യശേഷിയും വേണം.
അനുഭവങ്ങളിൽ നിന്നും പഠിക്കണം.
എന്തിനെയും മുൻവിധിയിലൂടെ സമീപിക്കാനുള്ള പ്രവണത മറികടക്കണം.
പ്രദർശന യോഗ്യതയുള്ളതെല്ലാം പ്രചോദനാത്മകമാകണമെന്നു നിർബന്ധമില്ല.
അകക്കാമ്പ് കണ്ടെത്തണമെങ്കിൽ അകത്തേക്കുതന്നെ നോക്കണം.
🫶🫶🫶🫶🫶🫶🫶🫶🫶


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗