അക്ഷരക്കൂട്ടം: പൂവമ്പഴം 🎋
അക്ഷരക്കൂട്ടം ഓൺലൈൻ

21 ഡിസംബർ 2024

പൂവമ്പഴം 🎋

പൂവമ്പഴം


സുന്ദരിയും ധനികയുമായ ഒരു ഭാര്യ അയാൾക്കുണ്ട്. അവൾ എന്തുപറഞ്ഞാലും അയാൾ അനുസരിക്കും. ഒരു ദിവസം അവൾ മൊഴിഞ്ഞു:

 'എനിക്ക് പൂവമ്പഴം വേണം!'


കണവൻ ഝടിതി പൂവമ്പഴം അന്വേഷിച്ചുപോയെങ്കിലും കിട്ടിയില്ല. പകരം ഓറഞ്ചുമായിട്ടാണ് ഓൻ തിരിച്ചെത്തിയത്.


ഓറഞ്ച് കണ്ടതോടെ പെണ്ണിൻ്റെ ഭാവം മാറി, വദനാംബുജം വാടി. കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായി. പൂവമ്പഴംതന്നെ വേണമെന്ന് കെട്ടിയവൾ വാശിപിടിച്ചു. സഹികെട്ട ഭർത്താവ് കെട്ടിയപെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ട് ഒന്നു തല്ലി. എന്നിട്ട് ഓറഞ്ചു നീട്ടിക്കൊണ്ട് അയാൾ അലറിച്ചോദിച്ചു: 

“എന്റെ കൈയിൽ എന്താണെടീ?"

ഭർത്താവിന്റെ ഭാവമാറ്റം കണ്ടു ഭയന്ന പ്രിയതമ ഒരുവിധം മറുപടിപറഞ്ഞു: 'പൂവമ്പഴം!'


ബഷീറിൻ്റെ 'പൂവമ്പഴം' എന്ന കഥയുടെ ഏകദേശ സാരമാണിത്. ഈ കഥയിലേക്ക് മനഃശാസ്ത്രപരമായി എത്തിനോക്കിയാൽ ഫെമിനിസ്റ്റുകൾ പറയുന്ന അധീശത്വത്തിൻറെയും പുരുഷലൈംഗികതയുടെയും പൊട്ടും പൊടിയും കണ്ടേക്കാം. ഇപ്പോൾ നാട്ടിലെങ്ങും മുഴങ്ങുന്നത് ഇത്തരം ആക്രോശങ്ങളല്ലേയെന്നും തോന്നിയേക്കാം. അധികാരത്തിന്റെയും അവിവേകത്തിന്റെയും താൻപോരിമയുടേയും ഗീർവന ഗർജനങ്ങൾ!


രാഷ്ട്രീയക്കാരും എഴുത്തുകാരും സിനിമാക്കാരും ബ്ളേഡുകാരും പാപികളും പരീശന്മാരുമൊക്കെ ചെറിയ ഓറഞ്ച് നീട്ടിക്കൊണ്ട് കഥയിലെ ഭർത്താവിനെപ്പോലെ കൈയോങ്ങി നമ്മളോടു ചോദിക്കുന്നു: 

“എന്റെ കൈയിലെന്താണ്?"


പൂവമ്പഴം കിട്ടണമെന്ന് ആഗ്രഹമുണ്ടായിട്ടും നമ്മൾ ഗത്യന്തരമില്ലാതെ പറയുന്നു:

 പൂവമ്പഴം! 

പൂവമ്പഴം! 

പൂവമ്പഴം!


കടപ്പാട് കെ. അർ. പ്രമോദ് (മംഗളം)


💢🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺💢

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗