അക്ഷരക്കൂട്ടം: നിഷേധി ⛔
അക്ഷരക്കൂട്ടം ഓൺലൈൻ

04 ഏപ്രിൽ 2023

നിഷേധി ⛔

നിഷേധി


           പുലർച്ചെയുള്ള ബസിൽ പാലക്കാട്ട്  നിന്നും  കയറുബോൾ   നന്നേ ക്ഷീണിതനായിരുന്നു  അയാൾ.


ഉറക്കമില്ലാത്ത രാത്രിയും, അനുഭവിച്ച മാനസിക സമ്മർദ്ദവും കാഴ്ച്ചയിൽ അയാളെ ഒരു വൃദ്ധനെ പോലെ തോന്നിപ്പിച്ചു.


നന്നേ പുലർച്ചേയുള്ള യാത്രയായത്കൊണ്ട് തന്നെ സീറ്റുകൾ മിക്കവാറും ഒഴിഞ്ഞു കിടക്കുന്നു.


പുറം കാഴ്ചകളിൽ മനസ്സുടക്കാത്തത് കൊണ്ടാകാം മെല്ലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു അയാൾ.


അപ്രതീക്ഷിതമായ ആ യാത്രയിൽ അയാൾ തീർത്തും അസ്വസ്ഥനായിരുന്നു.


സ്വസ്ഥത കിട്ടാത്ത  മനസ്സങ്ങിനെ എവിടെയും ഉറയ്ക്കാത്ത പോൽ പാഞ്ഞുകൊണ്ടേയിരുന്നു.


നീണ്ട ഇരുപത് വർഷങ്ങൾ അയാൾ മറക്കാൻ ആഗ്രഹിച്ചതെന്തോ  അതെല്ലാം പൂർവാധികം ശക്തിയിൽ അയാളിലേക്ക് തിരിച്ചു വന്നിരിക്കുന്നു.


ഭൂതകാലത്തിലേറ്റ മുറിപ്പാടുകളിൽ വീണ്ടും ചോര പൊടിയുന്ന വേദന.


തനിക്കതിൽ  നിന്നൊരു മോചനമില്ലെന്ന തിരിച്ചറിവിൽ അയാൾ നൊമ്പരപ്പെട്ടു.


        അയാളൊരു ബ്രോക്കറായിരുന്നു.


സ്ഥലവും മരങ്ങളും, മറ്റും കച്ചവടം ചെയ്യുന്ന, കാലപ്പഴക്കമെത്തിയ തറവാടുകൾ  പൊളിച്ച് വിൽക്കുന്നവരുടെ ഒരിടനിലക്കാരൻ.


അതയാളുടെ ജീവിതത്തിലെ അനേകം വേഷം കെട്ടലുകളിൽ  ഒന്ന് മാത്രമായിരുന്നു. 


ഒരുപക്ഷേ, ജീവിക്കാൻ വേണ്ടി കെട്ടുന്ന വേഷങ്ങളിൽ  അവസാനത്തേതും.


അത്തരമൊരു ജോലിയുടെ ഭാഗമായിട്ടുള്ള യാത്രയായിരുന്നു അത്.


വീണ്ടും ജന്മനാട്ടിലേക്ക്.


കാഞ്ഞൂർ മനയ്ക്കൽ കാര്യസ്ഥനായിരുന്ന രാഘവൻ നായരുടെ മൂന്നാമത്തെ മകനായിരുന്നു അയാൾ.


നാട്ടിലെ ജന്മിയായിരുന്നു രാഘവൻ നായർ.

കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഭൂമിയുടെ ഉടമസ്ഥൻ.


നാട്ടിൽ ബഹുമാനവും പേടിയും ഉള്ള ഒരാൾ.


ഭാര്യ ലക്ഷ്മിയും തറവാടിത്വമുള്ള വീട്ടമ്മ.

അവരുടെ മൂന്ന് മക്കൾ.


 മൂന്നാമനായിരുന്നുകുഞ്ഞൂട്ടൻ.


മൂത്ത കുട്ടികൾ വലുതായതിന് ശേഷം ഉണ്ടായ കുട്ടി.


അത്കൊണ്ട് തന്നെ രാഘവൻ നായർ നിലത്തു വക്കാതെ  വളർത്തിയ കുട്ടി.


ആ വലിയ തറവാട്ടിൽ തനിക്ക് ശേഷം വരേണ്ടത് തന്റെ കുഞ്ഞൂട്ടൻ ആണെന്ന് അയാളെല്ലായിപ്പോഴും പറയുമായിരുന്നു.


മനയിൽ നിന്ന് വന്ന് സ്വസ്ഥമായ  വൈകുന്നേരങ്ങളിൽ മുറ്റത്ത് കസേരയിട്ട് കുഞ്ഞൂട്ടനെ മടിയിലിരുത്തി അയാളും ലക്ഷ്‌മിയമ്മയും കുഞ്ഞൂട്ടനെപ്പറ്റിയുള്ള പ്രതീക്ഷകൾ പറഞ്ഞുകൊണ്ടേയിരുന്നു.


രംഘവൻ നായരുടെ പ്രതാപ കാലം കൂടിയായിരുന്നു അത്.


 കുഞ്ഞൂട്ടന്റെ നാലാം പിറന്നാളിന് ഗംഭീരമായ സദ്യക്ക് ശേഷം മനയിൽ നിന്ന് കൊണ്ടുവന്ന വിശേഷപ്പെട്ട മാവിൻ തൈ മുറ്റത്തെ അതിരിൽ വെപ്പിക്കുമ്പോൾ ലക്‌ഷ്മിയമ്മയോടെന്നപോലെ  അയാൾ ഉറക്കെ പറഞ്ഞു.


ന്റെ കുഞ്ഞൂട്ടനൊപ്പം ഈ മാവിൻ തൈയ്യും വളരട്ടെ.


ഇതിന്റെ ചില്ലകളിൽ ഊഞ്ഞാലിട്ട് അവനും അവന്റെ തലമുറകളും ആടട്ടെ.


മധുരമേറിയ ഇതിന്റെ മാമ്പഴം കുട്ടികൾ നിറയെ കഴിക്കട്ടെ.


 അങ്ങിനെ കുഞ്ഞൂട്ടനും അവന്റെ ഭാവി തലമുറയിലും ആ മാവ് വരുത്തുന്ന തണൽ അയാൾ ഭാവനയിൽ കണ്ടു.


 എല്ലാ വൈകുന്നേരങ്ങളും അവനെക്കൊണ്ട് വെള്ളം ഒഴിപ്പിച്ചു.


 തന്റെ മോഹങ്ങൾ പുതുക്കി.


 അതുകൊണ്ട് തന്നെ ഒരത്മബന്ധം അവനും ആ മരത്തിനോട് തോന്നിത്തുടങ്ങി.


കാലം കടന്ന് പോകവേ  കുഞ്ഞൂട്ടനും മാവും ഒരുമിച്ച് വളർന്നു.


ചുറ്റും കെട്ടിയ വെട്ടുകല്ലിന്റെ തറയിൽ അവനും കൂട്ടുകാരും വളപ്പൊട്ടും കൊത്താംകല്ലും കളിച്ചു.


കൊമ്പിൽ കൗതുകപൂർവ്വം തൂക്കിയ ഓട്ടുമണിയിൽ ശബ്ദമുണ്ടാക്കുന്നത് അവന്റെ വിനോദമായി.


 ഒളിച്ചുകളിയിൽ എല്ലായിപ്പോഴും അവൻ ഒന്നാമനായി.


മരവും മനുഷ്യനും തമ്മിലുള്ളോരു ആത്മബന്ധംകൂടിയായിരുന്നു അത്.


രാഘവൻ നായരുടെ തളർച്ചയുടെ കാലം കൂടിയായിരുന്നു അപ്പോൾ.


കുഞ്ഞുട്ടൻ നിഷേധിയും ധിക്കാരിയും ആയി മാറിയത് ആ തളർച്ചയിലായിരുന്നു.


മോശം കൂട്ടുകെട്ടും, മദ്യപാനവും, അവനെ മറ്റൊരാളാക്കി.


പഠനം തീർത്തും ഉപേക്ഷിച്ച അവൻ വാറ്റും ചീട്ടുകളിയും തൊഴിലാക്കി.


 മനം നൊന്ത രാഘവൻ നായർ അധികകാലം പോയില്ല.


അത് മുതലാക്കി തിട്ടപ്പെടുത്താൻ പറ്റാത്തത്രയും സമ്പത്തുള്ളത്  നാനാവിധം തുലച്ചു കളഞ്ഞു കുഞ്ഞൂട്ടൻ.


ലക്ഷ്മിയമ്മയുടെ വാക്കുകൾക്ക് പുല്ലുവില കൊടുക്കാതേ ചെവിയും കണ്ണും മനസ്സും അടച്ചപോൽ അവന്റെ യാത്ര ലക്കും ലഗാനുമില്ലാതെ പോയി.


ഈ യാത്രയിലെപ്പോഴോ ഏതോ ഒരുത്തിയുടെ കയ്യും പിടിച്ചു പടിപ്പുര കയറിയ കുഞ്ഞൂട്ടനെ കണ്ട് വീണുപോയിരുന്നു ആ സ്വാധി.


 ഭാഗിയുടെ കയ്യും പിടിച്ചു കയറുവരുന്ന കുഞ്ഞൂട്ടനെ സ്വപ്നം കണ്ട ലക്ഷ്മിയമ്മക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.


         ഭാഗീരഥി.


ലക്ഷ്മിയമ്മയുടെ മൂത്ത ജേഷ്ഠന്റെ  മോളായിരുന്നു.


കത്തിച്ച നിലവിളക്ക് പോലെ.


 സുന്ദരി.


അവൾക്ക്ഷ്ടായിരുന്നു.


 കുഞ്ഞൂട്ടനും.


 പിന്നീട്പ്പോഴൊക്കെയോ വഴി മാറിപ്പോയ പ്രണയം.


തനിക്കിറങ്ങേണ്ട സ്ഥലമായല്ലോ, കണ്ടക്ടർ വിളിച്ചപ്പോഴാണ് അയാൾ മനോരാജ്യത്ത് നിന്ന് ഉണർന്നത്.


 ധൃതിയിൽ ഇറങ്ങിയതിനാലാണോ എന്തോ വേച്ചു പോയിരുന്നു അയാൾ.


ഒരു വിറയൽ ദേഹമൊട്ടാകെ.


 ചുറ്റും വല്ലാത്തൊരപരിചിതത്വവും.


 പണ്ട് ചീട്ട് കളിച്ചിരുന്ന സ്ഥലമൊക്കെ ഷോപ്പിംഗ് മാൾ പോലെ.


അടുത്ത് കണ്ട ചായക്കടയിൽ ഒരു ചായക്കായി അയാളിരുന്നു.


അടുത്തിരുന്ന ആൾ ചോദ്യഭാവേന നോക്കി.


ഒരു വീട് കൊടുക്കാനുണ്ടെന്നു കണ്ടു.


ഓ.. അതോ.. ഒരു പത്ത് മിനിറ്റ് നേരെ പോയാൽ.. പഠിപ്പുരയിലെത്താം.


 അച്ഛൻ വീട്ടിലുണ്ട് ഞാൻ പറയാം.


അച്ഛനാണ് അതിന്റെ മേൽനോട്ടം ഇപ്പോൾ.


കടയുടമ മൊബൈൽ എടുത്തു.


രമേശന്റെ..?


മകനാണ് അച്ഛനെ അറിയുമോ? അയാൾ തിരിച്ചു ചോദിച്ചു.


 ഇല്ല... പത്രത്തിൽ നമ്പർ കൊടുത്തിരുന്നല്ലോ.


രമേശൻ തന്റെ സന്തതസഹചാരി  പണ്ടത്തെ മനസാക്ഷി സൂക്ഷിപ്പുകാരൻ.


വേണ്ട എന്തിന് വെറുതെ.


 അയാൾ വേച്ചു നടന്നു.


മുന്നിൽ 

 "ഭാഗീരഥി മെമ്മോറിയൽ വെയ്റ്റിങ് ഷെഡ്."


അക്ഷരങ്ങൾ അയാളുടെ തകർച്ച പൂർണ്ണമാക്കി.


 ഭാഗി..

 അവൾ മരിച്ചുവോ ഞാനറിഞ്ഞില്ലല്ലോ.


മുന്നിൽ പട്ട്പാവാടയുടെ ഉലച്ചിൽ.


 പിച്ചകത്തിന്റെ സുഗന്ധം.


 കുഞ്ഞുട്ടേട്ടാ...


ഒരു തേങ്ങൽ  കേട്ടുവോ...


 തന്റെകാല് പിടിച്ചു കരഞ്ഞ അവളെ കേൾക്കാതെ പോയ കാലങ്ങൾ.


നടക്കാൻ നന്നേ ബുദ്ധിമുട്ടിയിട്ടും അയാൾ ആ പടിപ്പുരക്ക് മുന്നിലെത്തി.


 നാല്പത്തിയഞ്ചു വർഷങ്ങൾ തന്റെ തന്റെ ഭാഗമായിരുന്ന വീട്.


        പടിപ്പുര വാതിൽ തുറന്നപ്പോൾ അയാളാദ്യം കണ്ടത് മുറ്റത്തെ പടർന്ന് പന്തലിച്ച മാവായിരുന്നു.


പടികൾ കയറുമ്പോൾ അയാൾ കാണാനാഗ്രഹിച്ചതും ആ കാഴ്ചയായിരുന്നു.


സ്വന്തം കൂടപിറപ്പിനെ  വർഷങ്ങൾക്ക് ശേഷം കണ്ടപ്പോലെ കണ്ണിമ ചിമ്മാതെ അയാൾ ചുറ്റും നോക്കി.


 കാറ്റ് ഒരാരവം ഉണ്ടാക്കി.


ചോരുന്ന കണ്ണുകൾ കാഴ്ചക്ക് മങ്ങലും.


പടിപ്പുരയുടെ ചുമരിൽ പണ്ട് കളിക്കാനുപയോഗിച്ച വളപ്പൊട്ടുകളും കൊത്താം കല്ലുകളും അയാൾ വെറുതെ തിരഞ്ഞു.


എന്തൊക്കെയോ പറയാനാഗ്രഹിച്ചപോലെ വെട്ടുകൽ പാകിയ മാവിൻ തറയിൽ അയാളിരുന്നു  ശുഷ്കിച്ച കൈകൾ ആ തടിയിൽ മെല്ലെ തലോടി.


നിറഞ്ഞ ഇത്തിൾകണ്ണികൾ മാവിന്റെ ചില കൊമ്പുകളെ ഉണക്കികളഞ്ഞിരിക്കുന്നു.


വടക്കോട്ട് നീണ്ട ആ കൊമ്പിന്റെ, താഴത്തെ പടിയിൽ വര്ഷങ്ങക്കിപ്പുറവും ആ ഓട്ടുമണി തൂങ്ങികിടപ്പുണ്ടായിരുന്നു.


കാലം അതിനെ ക്ലാവ് പിടിപ്പിച്ചിരിക്കുന്നുവെങ്കിലും.


അയാൾ വന്നതറിഞ്ഞപ്പോലെ അപ്പോൾ വീശിയ ചെറിയ കാറ്റിൽ അത് മെല്ലെ മണിയടിച്ചു.


അങ്ങനെ നിൽക്കുമ്പോൾ കിഴക്കോട്ടുള്ള കൊമ്പിൽ ഭംഗിയാർന്ന ഒരു ഊഞ്ഞാൽ  ആടുന്നുണ്ടെന്നയാൾക്ക് തോന്നി.


പൂമുഖത്തെ ചാരു കസേരയിൽ അച്ഛൻ കിടക്കുന്നുണ്ടെന്നും.


     കുഞ്ഞൂട്ടാ....

അത്തരമൊരു  വിളി കാതിൽ വന്നലച്ചുവോ..?


ജനിച്ചു വളർന്ന വീടിന്റെ മുറ്റത്ത് അപരിചിതത്വത്തോടെ നിൽക്കേണ്ടിവന്ന ഗതികേടും, ഗതകാലനോവുകളുടെ  ഭാരവും കൊണ്ട്  തളർച്ച ബാധിച്ച അയാൾ തറയിൽ തളർന്നിരുന്നു.


തന്റെ ക്ഷീണിച്ച കൈകൊണ്ട് മാവിന്റെ തടിയിലൊന്ന് വീണ്ടും തലോടി.


അപ്പോൾ അകത്ത് നിന്നും അമ്മ ചോദിക്കുന്നു.

"സന്ധ്യയായിട്ടും കളി നിർത്താറായില്ലേ.. കുഞ്ഞൂട്ടാ...


പൂമുഖവാതിൽ തുറക്കുന്നതും അമ്മ ഇറങ്ങി വന്ന് തലയിൽ എണ്ണ തേച്ചു തരുമെന്നും വെറുതെ... വെറുതെ അയാൾ മോഹിച്ചു.


തട്ടിൻപുറത്തെറിഞ്ഞിട്ട ചില്ലുചട്ടകൾക്കുള്ളിൽ ചിതലും കാലവും ബാക്കിവെച്ച അറിയാബന്ധങ്ങളുടെ ചിത്രങ്ങൾ പോലെ, അയാളുടെ ദേഹം നന്നായി വിറക്കുന്നുണ്ടായിരിരുന്നു.


അതറിഞ്ഞിട്ടോ എന്തോ മാവിൻ തലപ്പുകൾ വിശറിയായി.


ആ മരത്തിനോളം അയാളെ ആർക്കറിയാം.


ആ ഓട്ടു മണിയുടെ  ശബ്‌ദം   കാലങ്ങൾക്ക് ശേഷവും തന്റെ ഓർമ്മകളെ തിരിച്ചു കൊണ്ടുവന്നപ്പോലെ അയാൾക്ക് തോന്നി.


പൂമുഖത്തെ ചുമരിൽ കാരണവന്മാർ വിളിക്കുന്നു.


കാഴ്ച മങ്ങുന്നു നാവ് വരളുന്നു.


 ഒരാശ്രയത്തിനായ് കൈ കൊണ്ട് അയാൾ മാവിൻ തടിയിൽ  മുറുക്കെ പിടിച്ചു.


ഒന്ന് നിലവിളിക്കാൻ വാക്കുകൾ പുറത്തേക്ക് വന്നില്ല.


(കടപ്പാട്)

🎈🎈🎈🎈

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗